---
title: "പൊലീസ് ബറ്റാലിയനിൽ ‘ബർത്ത് ഡേ ട്രീ’ പദ്ധതി; വിവിധ വികസന-ക്ഷേമ പദ്ധതികൾ ഉദ്ഘാടനം ചെയ്തു"
english_title: "Kerala Police Launches Birthday Tree Initiative at Women’s Battalion"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/383970/kerala-police-birthday-tree-womens-battalion-projects"
published_at: "2026-09-23T22:57:00+05:30"
category: "Kozhikode Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab40cb413380_kerala-police-birthday-tree-womens-battalion-projects.jpg"
keywords: ["Kerala Police", "Birthday Tree", "Women Police Battalion", "Menamkulam", "Shakti Hall", "Pragya Learning Centre"]
---

# പൊലീസ് ബറ്റാലിയനിൽ ‘ബർത്ത് ഡേ ട്രീ’ പദ്ധതി; വിവിധ വികസന-ക്ഷേമ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങളുടെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കുന്നതിനുള്ള ‘ബർത്ത് ഡേ ട്രീ’ പദ്ധതിക്ക് സംസ്ഥാന പൊലീസ് മേധാവി തുടക്കമിട്ടു. മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിൽ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ നിർവഹിച്ചു.

## Article Content

തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങളുടെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കുന്നതിനുള്ള ‘ബർത്ത് ഡേ ട്രീ’ പദ്ധതിക്ക് സംസ്ഥാന പൊലീസ് മേധാവി തുടക്കമിട്ടു. മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിൽ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ നിർവഹിച്ചു.

കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ വനിതാ ബറ്റാലിയൻ അംഗങ്ങൾ പര്യാപ്തരാണെന്നും വനിതകൾ കേരള പൊലീസിന്റെ അഭിമാനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ റവാഡാ ചന്ദ്ര ശേഖർ പറഞ്ഞു. പൊതുജനങ്ങളോട് സൗഹാർദമായി പെരുമാറാനും അവർക്ക് നീതി ലഭ്യമാക്കാനും സേനാംഗങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വനിതാ പൊലീസ് സേനാംഗങ്ങളുടെ ക്ഷേമവും പരിശീലനവും ലക്ഷ്യമിട്ട് സ്വയംരക്ഷാ പരിശീലനത്തിനായി ഒരുക്കിയ ‘ശക്തി ഹാൾ’, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘പ്രജ്ഞ ലേണിംഗ് സെന്റർ’ സ്മാർട്ട് ക്ലാസ്‌റൂം, സേനാംഗങ്ങൾക്ക് കൗൺസിലിങ്ങിന് സൗകര്യമൊരുക്കുന്ന ‘അഭയ ക്ലിനിക്ക്’, കെ.എ.ഡബ്ല്യു.പി. ബറ്റാലിയന്റെ പുതിയ വെബ്‌സൈറ്റ് എന്നിവയാണ് പ്രധാനമായി ഉദ്ഘാടനം ചെയ്ത പദ്ധതികൾ.

‘ബർത്ത് ഡേ ട്രീ’ പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ ജന്മദിനങ്ങളിൽ അവരുടെ വിവരങ്ങൾ കൺട്രോൾ റൂമിലെ സ്ക്രീനിൽ പ്രദർശിപ്പിക്കും. തുടർന്ന് അവരുടെ നേതൃത്വത്തിൽ ബറ്റാലിയൻ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതിയുടെ രീതി. സേനാംഗങ്ങളുടെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഓരോ മാസവും ബറ്റാലിയനിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്ന സേനാംഗങ്ങളെ ആദരിക്കുന്നതിനായി അവരുടെ ഫോട്ടോയും വിവരങ്ങളും പ്രദർശിപ്പിക്കുന്ന ‘വീരാംഗനാ വാൾ’ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ബറ്റാലിയൻ അംഗങ്ങൾക്ക് ധരിക്കാനായി രൂപകൽപ്പന ചെയ്ത ടി-ഷർട്ടിന്റെ പ്രകാശനവും ഡിജിപി നിർവഹിച്ചു.

ചടങ്ങിന്റെ ഭാഗമായി യങ് ഇന്ത്യ സ്വയംരക്ഷാ പരിശീലകരെയും ഹാറ്റ്സിന്റെ കൗൺസലിംഗ് സംഘത്തെയും ആദരിച്ചു. സ്വയംരക്ഷാ പരിശീലനത്തിന്റെ പ്രദർശനവും ‘ബർത്ത് ഡേ ട്രീ’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ ചടങ്ങും ഇതോടൊപ്പം നടന്നു.

ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി.ഐ.ജിയുടെ അധിക ചുമതലയുമുള്ള ഡോ. ജെ. ഹിമേന്ദ്രനാഥ്, വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് അഞ്ജലി ഭാവന, കേരള ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റ് കെ.ഇ. ബൈജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

**English Summary**:

State Police Chief Ravada Azad Chandra Shekhar launched the Birthday Tree initiative at the Kerala Armed Women Battalion headquarters in Menamkulam and inaugurated various development and welfare projects. The projects include Shakti Hall for self-defence training, Pragya Learning Centre smart classroom, Abhaya Clinic for counselling and a new battalion website. The Birthday Tree initiative will display officers’ birthdays on the control room screen and involve planting a sapling on the battalion premises under their leadership. The Veerangana Wall was also inaugurated to honour personnel for outstanding monthly service. A battalion T-shirt was released, while self-defence trainers and the HATS counselling team were honoured.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/383970/kerala-police-birthday-tree-womens-battalion-projects)