---
title: "'എട്ട് മാസം ശമ്പളമില്ല, ഇത് പച്ചയായ അടിമപ്പണി'; മാധ്യമം പത്ര മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് എ.ഐ.ടി.യു.സി"
english_title: "AITUC National Secretary R Prasad Denounces Madhyamam Salary Issue"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/383007/aituc-r-prasad-criticizes-madhyamam-management-salary-denial-strike"
published_at: "2026-09-16T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaacb20081f3_aituc-r-prasad-criticizes-madhyamam-management-salary-denial-strike.jpg"
keywords: ["Madhyamam Strike", "AITUC R Prasad", "INTUC K Rajeevan", "Madhyamam Salary Issue"]
---

# 'എട്ട് മാസം ശമ്പളമില്ല, ഇത് പച്ചയായ അടിമപ്പണി'; മാധ്യമം പത്ര മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് എ.ഐ.ടി.യു.സി

> **Lead Summary:** കോഴിക്കോട്: മാധ്യമം പത്ര മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ ശമ്പള നിഷേധം സർക്കാറിനെയും നിലവിലെ നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ടാണെന്ന് എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ. പ്രസാദ് അഭിപ്രായപ്പെട്ടു.

## Article Content

കോഴിക്കോട്: മാധ്യമം പത്ര മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ ശമ്പള നിഷേധം സർക്കാറിനെയും നിലവിലെ നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ടാണെന്ന് എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ. പ്രസാദ് അഭിപ്രായപ്പെട്ടു.

ജീവനക്കാരുടെ എട്ടു മാസത്തെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ശമ്പള വിതരണം ക്രമപ്പെടുത്തുക, നിർബന്ധിത കരാർവത്ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കോഴിക്കോട് വെള്ളിമാടുകുന്നിലെ മാധ്യമം ആസ്ഥാനത്തിനു മുമ്പിൽ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 14-ാം ദിനത്തിൽ സംഘടിപ്പിച്ച 'മാധ്യമം കുടുംബ സമരത്തിൽ' അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസത്തിന്റെ ഏഴാം പ്രവൃത്തിദിനത്തിനുള്ളിൽ ശമ്പളം നൽകണമെന്നാണ് നിയമമെങ്കിലും എട്ട് മാസമായി ശമ്പളം കുടിശ്ശിക വരുത്തിയാണ് ഇവർ പത്രമിറക്കുന്നത്. കൂലി നൽകാതെയുള്ള തൊഴിലെടുപ്പിക്കൽ പച്ച മലയാളത്തിൽ അടിമപ്പണിയാണെന്നും, ലേബർ വകുപ്പിന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുടുംബസമരം ഐ.എൻ.ടി.യു.സി (INTUC) ജില്ലാ പ്രസിഡന്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. മാധ്യമത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പിടിവാശിയും കഴിവുകേടുമാണ് സ്ഥാപനത്തിലെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്ന് അദ്ദേഹം ആരോപിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ. നാസർ, സി.പി. സദാനന്ദൻ, ഉസ്മാൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജീവനക്കാരുടെ കുടുംബാംഗങ്ങളായ ജാനമ്മ കുഞ്ഞുണ്ണി, ഇ. കുഞ്ഞമ്മദ്, അഥീന പി. നാരായൺ, റൂബ മുഹമ്മദ് എന്നിവരും അനുഭവങ്ങൾ പങ്കുവെച്ചു. സിറാജ് പത്രത്തിലെ KUWJ, KNEF സെൽ പ്രതിനിധികളും, സി.ഐ.ടി.യു വാട്ടർ അതോറിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകരും വെള്ളിമാടുകുന്നിലെ ഓട്ടോ തൊഴിലാളികളും പ്രകടനമായി സമരപ്പന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചു.

**English Summary:**

AITUC National Secretary R. Prasad criticized the Madhyamam newspaper management over non-payment of salaries during the 14th day of the employees' indefinite strike in Kozhikode. Speaking at the 'Family Strike' organized in front of the Madhyamam headquarters in Vellimadukunnu, Prasad stated that withholding salaries for eight months is a challenge to the government and labor laws. INTUC District President K. Rajeevan inaugurated the family strike. Representatives from KUWJ, Siraj daily staff, Water Authority employees, and local auto drivers extended their solidarity to the protesting staff.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/383007/aituc-r-prasad-criticizes-madhyamam-management-salary-denial-strike)