---
title: "അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ മാനേജ്മെൻ്റുകൾ തയാറായില്ലെങ്കിൽ സമരം ജനം ഏറ്റെടുക്കും - അഡ്വ. ടി ബി മിനി"
english_title: "Indefinite Strike Will Be Taken Over By People Says Adv TB Mini At Madhyamam Employees Protest Day 13"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/382818/adv-tb-mini-says-people-will-take-over-strike-madhyamam-protest-day-13-kozhikode"
published_at: "2026-09-15T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9711b08987_adv-tb-mini-says-people-will-take-over-strike-madhyamam-protest-day-13-kozhikode.jpg"
keywords: ["Adv TB Mini", "TUCI", "Madhyamam Protest", "Salary Denial"]
---

# അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ മാനേജ്മെൻ്റുകൾ തയാറായില്ലെങ്കിൽ സമരം ജനം ഏറ്റെടുക്കും - അഡ്വ. ടി ബി മിനി

> **Lead Summary:** കോഴിക്കോട്: അനിശ്ചിത കാല സമരങ്ങൾ ഒരു ഘട്ടത്തിൽ അവസാനിപ്പിക്കാൻ മാനേജ്മെൻ്റുകൾ തയാറായില്ലെങ്കിൽ സമരം ജനം ഏറ്റെടുക്കുമെന്ന് ട്രേഡ് യൂണിയൻ സെൻ്റർ ഓഫ് ഇന്ത്യ (ടി.യു.സി.ഐ) സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ അഭിഭാഷകയുമായ ടി.ബി മിനി അഭിപ്രായപ്പെട്ടു.

## Article Content

കോഴിക്കോട്: അനിശ്ചിത കാല സമരങ്ങൾ ഒരു ഘട്ടത്തിൽ അവസാനിപ്പിക്കാൻ മാനേജ്മെൻ്റുകൾ തയാറായില്ലെങ്കിൽ സമരം ജനം ഏറ്റെടുക്കുമെന്ന് ട്രേഡ് യൂണിയൻ സെൻ്റർ ഓഫ് ഇന്ത്യ (ടി.യു.സി.ഐ) സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ അഭിഭാഷകയുമായ ടി.ബി മിനി അഭിപ്രായപ്പെട്ടു.

മാധ്യമം പത്രത്തിലെ ശമ്പള നിഷേധത്തിനെതിരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ മാധ്യമം ആസ്ഥാനത്തിനു മുന്നിൽ ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിൻ്റെ 13-ാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇതാണ് കേരളത്തിൻ്റെ സമരചരിത്രം. എനിക്ക് നേരിട്ട് പരിചയമുള്ള സമരങ്ങൾ ഒരുപാടുണ്ട്. ഒഴിവാക്കാനാകാത്ത സമരമാണിത്. ന്യായമായ ഒന്നാണിത്. ഒറ്റകെട്ടായി നിന്നാൽ അന്തിമ ജയം ജീവനക്കാർക്കാണ്.

ശമ്പളം മുടക്കുക എന്നാൽ ജീവിക്കാനുള്ള അവകാശം ഹനിക്കുക എന്നാണ്. അത് അറിയാത്തവരല്ല സ്‌ഥാപന ഉടമകൾ. ശമ്പളം ജീവനക്കാരുടെ അവകാശമാണ്. മാനേജ്മെൻ്റ് നിയമപരമായി വാഗ്ദാനം ചെയ്തതാണ്.

സ്ഥിരം ജീവനക്കാർ സ്വയം രാജി വെച്ചാൽ അല്ലാതെ അവരെ തൊടാൻ കഴിയില്ല. നിയമപരമായി സാധിക്കില്ലെന്ന് അവർക്കും അറിയാം. അതുകൊണ്ടാണ് സമ്മർദവും ഭീഷണിയും പയറ്റുന്നത്. ശമ്പളവും ഗ്രാറ്റ്വിറ്റിയുമൊന്നും മുടക്കാനോ തടയാനോ ആവില്ല.

സമരമുഖത്ത് ഒരാളും പതറരുത്. നിങ്ങൾ ഇതര മാധ്യമങ്ങളിലൂടെ, സമൂഹ മാധ്യങ്ങളിലൂടെ തൊടുത്തുവിട്ട ബോംബുകൾ പലയിടത്തും ഭൂകമ്പങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. മാധ്യമം മാനേജ്മെൻ്റിനെ അനുകൂലിക്കുന്ന സംഘടനയിൽതന്നെ ചുരുങ്ങിയത് രണ്ട് വിഭാഗമുണ്ട്.

തൊഴിലാളി സമരം ന്യായമാണെന്ന പക്ഷക്കാർ അതിലുണ്ട്. അതിൽ പലരും എന്നോട് സംസാരിച്ചിട്ടുണ്ട്. രാജിവച്ച് കരാറിലേക്ക് മാറുന്നത് ആത്മഹത്യാപരമാണ്. നേരായ മാർഗത്തിലൂടെ നിങ്ങളെ പുറത്താക്കാനാവില്ല. തൊഴിൽ പ്രശ്നത്തിൽ സർക്കാർ ഇടപെടലിന് കാലതാമസം നേരിടുന്നത് അനീതിയാണ്.

ജീവിക്കാനുള്ള അവകാശം ഹനിക്കലാണത്. ലേബർ കോടതിയിലടക്കം ജീവനക്കാർക്കും യൂണിയനും സമീപിക്കാം-അവർ കൂട്ടിച്ചേർത്തു.

കേരളത്തിലെ വനിത മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിലാണ് 13ാം ദിവസത്തെ സമരം നടന്നത്. ആകാശത്തിന് കീഴിലുള്ള സകല കാര്യങ്ങൾക്കും നിലപാടുള്ള മാധ്യമം മാനേജ്മെൻ്റിനെ നയിക്കുന്ന സംഘടന സ്വന്തം സ്ഥാപന മുറ്റത്തെ ഈ ശമ്പള സമരത്തിൽ നിലപാട് പറയാത്തത് അവരുടെ ഇരട്ടത്താപ്പാണെന്ന് സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ വനിത മാധ്യമ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം രജി ആർ നായർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറും ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അഡ്വ. എം. രാജൻ, കേരള ഗവൺമെൻറ് പ്രസ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയന്റ് സെക്രട്ടറി ടി. നാസർ ബാബു, കെ.യു.ഡബ്ല്യു.ജെ പാലക്കാട് ജില്ല പ്രസിഡൻ്റ് നോബിൾ ജോസ്, ദേശാഭിമാനി ജേർണലിസ്റ്റ്സ് യൂണിയൻ വൈസ് പ്രസിഡന്റ് രഘു പ്രസാദ്, പി.പി. അനിത മോൾ, വന്ദന കൃഷ്ണ, എം. ജഷീന, എം.അനുശ്രീ എന്നിവർ സംസാരിച്ചു.

**English Summary:**

Adv TB Mini, TUCI state general secretary, said people will take over indefinite strikes if managements do not end them, while inaugurating day 13 of Madhyamam employees indefinite strike against salary denial at Vellimadukunnu, Kozhikode. She said denying salary violates right to live, salary is legal right, permanent staff cannot be removed unless they resign, pressure tactics are used, contract shift is suicidal, government delay is injustice and labour court can be approached. Day 13 strike was led by women journalists who alleged double standard by organization running Madhyamam. KUWJ member Raji R Nair presided and others spoke.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/382818/adv-tb-mini-says-people-will-take-over-strike-madhyamam-protest-day-13-kozhikode)