---
title: "മാധ്യമം ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ നൽകണം -എം.കെ. രാഘവൻ എം.പി"
english_title: " Madhyamam Employees Salary Arrears Must Be Paid Immediately MK Raghavan MP Says"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/382037/madhyamam-employees-salary-arrears-must-be-paid-mk-raghavan-mp"
published_at: "2026-09-10T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2be542980f_madhyamam-employees-salary-arrears-must-be-paid-mk-raghavan-mp.jpg"
keywords: ["Madhyamam News", "MK Raghavan MP", "Madhyamam Salary Issue", "Kozhikode News"]
---

# മാധ്യമം ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ നൽകണം -എം.കെ. രാഘവൻ എം.പി

> **Lead Summary:** കോഴിക്കോട്: എട്ടുമാസത്തെ ശമ്പള കുടിശ്ശിക അടക്കം ജീവനക്കാർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാൻ മാധ്യമം മാനേജ്‌മെന്റ് തയ്യാറാകണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു.

## Article Content

കോഴിക്കോട്: എട്ടുമാസത്തെ ശമ്പള കുടിശ്ശിക അടക്കം ജീവനക്കാർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാൻ മാധ്യമം മാനേജ്‌മെന്റ് തയ്യാറാകണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു.

മാധ്യമത്തിലെ ശമ്പള നിഷേധത്തിനെതിരെ സംയുക്ത തൊഴിലാളി യൂനിയൻ നടത്തുന്ന അനിശ്ചിതകാല സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.

തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം ലഭിക്കാതെ വന്നാൽ പോലും അവരുടെ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എല്ലാവർക്കും അറിയാം. അപ്പോൾ എട്ടുമാസത്തെ ശമ്പളം ലഭിക്കാത്ത അവസ്ഥ എത്ര വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല.

തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിട്ട് പോലും പ്രശ്ന പരിഹാരത്തിന് മാനേജ്മെൻറ് തയാറായില്ലെന്നാണ് അറിഞ്ഞത്. കഴിഞ്ഞ ദിവസം മന്ത്രി നേരിട്ട് തന്നെയാണ് ഈ വിഷയം സൂചിപ്പിച്ചത്. ഓണക്കാലത്ത് പ്രശ്നം തീർക്കുന്നതിനായി നടത്തിയ ചർച്ചയിൽ മന്ത്രി ചില പരിഹാര നിർദേശങ്ങൾ മാനേജ്‌മെന്റിന് മുന്നിൽ സമർപ്പിച്ചിരുന്നെങ്കിലും അവർ സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ബിന്ദു കൃഷ്ണ അറിയിച്ചത്.

മാധ്യമത്തിലെ തൊഴിലാളികൾക്ക് ദൈനംദിന ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. ലഭിക്കുന്ന ശമ്പളം കൊണ്ടുപോലും ജീവിക്കാൻ പ്രയാസപ്പെടുന്ന കാലഘട്ടത്തിൽ മാസങ്ങളോളം ശമ്പളം ലഭിക്കാതെ വരുന്നത് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായാണ് ബാധിക്കുന്നത്.

എല്ലാവർക്കും ജീവിക്കണം. ജീവനക്കാർ മാത്രമല്ല, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്. ഇക്കാര്യം മാനേജ്‌മെന്റ് ഗൗരവത്തോടെ കാണണം. പ്രശ്നം പരിഹരിക്കാൻ മാനേജ്‌മെന്റ് തന്നെ മുൻകൈയെടുത്ത് ചർച്ചയ്ക്ക് തയ്യാറാകണം. ജീവനക്കാരുടെ ഭാഗത്ത് യാതൊരു ദുരഭിമാനത്തിന്റെയും പ്രശ്നമില്ല. അവർ ആവശ്യപ്പെടുന്നത് മാന്യമായ പരിഹാരം മാത്രമാണ്.

നിയമപരമായും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കാൻ മാർഗങ്ങളുണ്ട്. എന്നാൽ മാനുഷികമായ സമീപനം സ്വീകരിക്കുകയാണ് മാനേജ്‌മെന്റ് ചെയ്യേണ്ടത്.

മാധ്യമത്തിലെ പല പത്രപ്രവർത്തകരും സാമൂഹികബോധവും പ്രതിബദ്ധതയും മുൻനിർത്തി ഗവൺമെന്റ് നിയമനങ്ങൾ ലഭിച്ചിട്ടുപോലും അതുപേക്ഷിച്ച് ഇവിടെ ജോലിക്ക് വന്നവരാണ്. അവരുടെ ആത്മാർത്ഥതയും സമർപ്പണവും മാനേജ്‌മെന്റ് തിരിച്ചറിയണം.

ജീവനക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണം. സമരത്തിന് എല്ലാ പിന്തുണയും അർപ്പിക്കുന്നതായും എം.പി പറഞ്ഞു.

എട്ടാം ദിവസത്തെ സമരം എ.ഐ.യു.ടി.യു.സി ജില്ല പ്രസിഡൻറ് പി.എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി പ്രതിനിധി ഡോ. എം. ജ്യോതിരാജ്, കെ.എൻ.ഇ.എഫ് ജില്ല സെക്രട്ടറി രതീഷ് ചാലിയാടത്ത് (മാതൃഭൂമി) എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻ്റ് കെ. രാജീവ് സമര പന്തലിലെത്തി ഐകൃദാർഢ്യം അറിയിച്ചു.

**English Summary:**

Kozhikode: MP M.K. Raghavan demanded that Madhyamam management immediately pay eight months salary arrears and other benefits due to employees. Speaking while greeting indefinite strike by joint workers union against salary denial, he said even Labour Minister Bindu Krishna's intervention and proposals during Onam failed as management refused. He said workers who left government jobs to work for Madhyamam with commitment are suffering with families. 8th day strike was inaugurated by AIUTUC district president P.M. Sreekumar

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/382037/madhyamam-employees-salary-arrears-must-be-paid-mk-raghavan-mp)