---
title: "വ്യാജമദ്യ നിര്‍മാണം: ജനകീയ സമിതി യോഗം ചേര്‍ന്നു;പഞ്ചായത്ത്തല ജാഗ്രതാ സമിതി "
english_title: "Kozhikode Anti-Liquor Meeting: 945 Excise Cases, Panchayat Vigilance Committees Demanded"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/378020/kozhikode-anti-liquor-janakeeya-samithi-meeting"
published_at: "2026-08-11T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b2394f2128_kozhikode-anti-liquor-janakeeya-samithi-meeting.jpg"
keywords: ["Fake Liquor Manufacturing", "Kozhikode", "Excise Raid", "Janakeeya Samithi", "Drug Abuse"]
---

# വ്യാജമദ്യ നിര്‍മാണം: ജനകീയ സമിതി യോഗം ചേര്‍ന്നു;പഞ്ചായത്ത്തല ജാഗ്രതാ സമിതി 

> **Lead Summary:** കോഴിക്കോട്: വ്യാജമദ്യ നിര്‍മാണവും കടത്തും വിതരണവും തടയുന്നതിനായുള്ള ജില്ലാതല ജനകീയ സമിതി യോഗം എഡിഎം കെ ഷറീനയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍ ചേര്‍ന്ന ജനകീയ സമിതി യോഗത്തില്‍ ഉയര്‍ന്ന പരാതികളിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു.

## Article Content

കോഴിക്കോട്: വ്യാജമദ്യ നിര്‍മാണവും കടത്തും വിതരണവും തടയുന്നതിനായുള്ള ജില്ലാതല ജനകീയ സമിതി യോഗം എഡിഎം കെ ഷറീനയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍ ചേര്‍ന്ന ജനകീയ സമിതി യോഗത്തില്‍ ഉയര്‍ന്ന പരാതികളിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു.

ജില്ലയില്‍ 2026 ഫെബ്രുവരി മുതല്‍ എക്‌സൈസ് വകുപ്പ് 4,765 റെയ്ഡുകളും 159 കമ്പൈന്‍ഡ് റെയ്ഡുകളും നടത്തിയതില്‍ 945 അബ്കാരി കേസുകളും 404 എന്‍.ഡി.പി.എസ് കേസുകളും 1,482 കോട്പ കേസുകളും കണ്ടെത്തിയതായും ഈ കേസുകളിലായി 1,015 പ്രതികളെ അറസ്റ്റ് ചെയ്തതായും യോഗത്തില്‍ അറിയിച്ചു.

ഇക്കാലയളവില്‍ 478.5 ലിറ്റര്‍ ചാരായവും 2,891 ലിറ്ററിലധികം വിദേശമദ്യവും 24,208 ലിറ്റര്‍ വാഷും 121 ഗ്രാമിലധികം മെത്താഫെറ്റമിനും ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു. വിവിധ കേസുകളിലായി 81 വാഹനങ്ങളും 4.09 ലക്ഷത്തിലധികം രൂപ തൊണ്ടിമണിയായും പിടിച്ചെടുത്തിട്ടുണ്ട്.

വിദ്യാലയങ്ങളില്‍ 405 സ്‌കൂള്‍തല ലഹരിവിരുദ്ധ ക്ലബ്ബുകളും 91 കോളേജ്തല ക്ലബ്ബുകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫറൂക്ക്, കൊയിലാണ്ടി, വടകര തുടങ്ങിയ റേഞ്ചുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ക്കും ചുറ്റും പ്രത്യേക അന്വേഷണങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കി.

വടകര റേഞ്ചിലെ ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിമുക്തി ക്ലബ് വഴി പരിശീലനം നേടിയ കേഡറുകളെ ഉപയോഗിച്ച് ആയഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും 1001 ലഹരി വിരുദ്ധ ഇന്‍ഫോര്‍മര്‍മാരെ സജ്ജമാക്കുകയും ചെയ്തതായി എക്‌സൈസ് വിഭാഗം അറിയിച്ചു.

ജില്ലയില്‍ ഇതുവരെ 7,626 ബോധവല്‍കരണ പരിപാടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററില്‍ 1,414 പേര്‍ സേവനം തേടുകയും 53 പേര്‍ക്ക് കിടത്തി ചികിത്സ നല്‍കുകയും ചെയ്തു. കൂടാതെ പുതിയറയിലെ കൗണ്‍സിലിംഗ് സെന്ററില്‍ 670 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

അതേസമയം വ്യാജമദ്യ നിര്‍മാണം തടയാന്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതിയും പൊതുജന പങ്കാളിത്തവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പഞ്ചായത്തുതലത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്നും സ്റ്റാറ്റിയൂട്ടറി കമ്മിറ്റി രൂപീകരിക്കണമെന്നും വിവിധ മദ്യ വിരുദ്ധ സമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ എസ് നിജുമോന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, മദ്യ വിരുദ്ധ സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

**English Summary:**

A district-level Janakeeya Samithi meeting chaired by ADM K Shareena was held in Kozhikode to curb fake liquor production. Since Feb 2026, Excise conducted 4,765 raids, registered 945 excise cases and arrested 1,015 people. Over 2,891 litres of foreign liquor and 121g of drugs were seized. Officials demanded stronger panchayat-level vigilance committees and complaint boxes to strengthen public participation.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/378020/kozhikode-anti-liquor-janakeeya-samithi-meeting)