---
title: "എയിംസ് കിനാലൂരിൽ തന്നെ വേണം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാലിക്കറ്റ് ചേംബർ"
english_title: "Calicut Chamber Demands AIIMS at Kinalur, Urges Kerala Govt for Urgent Action"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/376884/calicut-chamber-aiims-kinalur-kozikode-demand"
published_at: "2026-08-05T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7340cbd1339_calicut-chamber-aiims-kinalur-kozikode-demand.jpg"
keywords: ["AIIMS Kerala", "Kinalur Kozhikode", "Calicut Chamber of Commerce", "Healthcare Kerala"]
---

# എയിംസ് കിനാലൂരിൽ തന്നെ വേണം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാലിക്കറ്റ് ചേംബർ

> **Lead Summary:** കോഴിക്കോട്: കേരളത്തിൽ അഖിലേന്ത്യാ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കുന്നതിന് ജില്ലയിലെ കിനാലൂർ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും കേന്ദ്ര സർക്കാർ എയിംസ് അനുവദിക്കുന്നതിൽ കാലതാമസം വരുത്താതെ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു.

## Article Content

കോഴിക്കോട്: കേരളത്തിൽ അഖിലേന്ത്യാ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കുന്നതിന് ജില്ലയിലെ കിനാലൂർ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും കേന്ദ്ര സർക്കാർ എയിംസ് അനുവദിക്കുന്നതിൽ കാലതാമസം വരുത്താതെ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു.

എയിംസ് പദ്ധതിക്കായി കേരള സർക്കാർ ഏറ്റവും കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കുന്നത് കിനാലൂരിലാണെന്ന് ചേംബർ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

200 ഏക്കർ ഭൂമി കണ്ടെത്തി കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി നിർദ്ദേശം സമർപ്പിച്ച ഏക സ്ഥലമാണ് കിനാലൂർ. ഇതിൽ 150 ഏക്കർ കെ.എസ്.ഐ.ഡി.സി.യുടെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഭാവി വികസനത്തിനായി 250 ഏക്കർ വരെ അധിക ഭൂമി ലഭ്യമാക്കാൻ കഴിയുമെന്നും ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.

കിനാലൂരിൽ സാധ്യതാപഠനം നടത്താൻ നിർദേശം നൽകിയിട്ടുള്ളതും, പദ്ധതിയുടെ പ്രാധാന്യം സംബന്ധിച്ച് ഹൈക്കോടതി സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചതും കിനാലൂരിന്റെ സാധ്യതകൾക്ക് കൂടുതൽ കരുത്തേകുന്നതാണെന്ന് കാലിക്കറ്റ് ചേംബർ ചൂണ്ടിക്കാട്ടി.

ഭൂമിയുടെ ലഭ്യത, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, റോഡ്–റെയിൽ–വിമാന ഗതാഗത ബന്ധം, സമീപത്തുള്ള സർക്കാർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നിവ കിനാലൂരിനെ എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ കേന്ദ്രമാക്കുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.

ഇത്തരത്തിലുള്ള അനുകൂല സാഹചര്യങ്ങൾ മറ്റൊരു സ്ഥലത്തില്ലാത്തതിനാൽ കിനാലൂരിൽ തന്നെ എയിംസ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കാലിക്കറ്റ് ചേംബർ ആവശ്യപ്പെട്ടു.

എയിംസ് കിനാലൂരിൽ യാഥാർഥ്യമാക്കുന്നതിനായി പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെയും പിന്തുണ വേണമെന്നും ഇതിനായി വിവിധ ജനകീയ പരിപാടികൾക്ക് ഉടൻ നേതൃത്വം നൽകുമെന്നും അവർ അറിയിച്ചു.

പത്ര സമ്മേളനത്തിൽ പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, സെക്രട്ടറി ബോബിഷ് കുന്നത്ത്, ഷാനവാസ് പി.എം., സുബൈർ കൊളക്കാടൻ, അർഷാദ് ആദിരാജ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/376884/calicut-chamber-aiims-kinalur-kozikode-demand)