---
title: "നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് പുകയിലരഹിത വിദ്യാലയം"
english_title: "Nadakkavu Government Vocational Higher Secondary School for Girls – A Tobacco-Free School"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/368419/nadakkavu-government-vocational-higher-secondary-school-for-girls-a-tobacco-free-school"
published_at: "2026-06-25T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d371a0810d_tobaco_free.jpg"
keywords: ["Latest News", "Nadakkavu Government Vocational Higher Secondary School", "Tobacco Free School"]
---

# നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് പുകയിലരഹിത വിദ്യാലയം

> **Lead Summary:** നടക്കാവ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിനെ പുകയിലരഹിത വിദ്യാലയമായുള്ള പ്രഖ്യാപനവും അഡ്വ. കെ. ജയന്ത് എം.എല്‍.എ നിര്‍വഹിച്ചു.

## Article Content

നടക്കാവ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിനെ പുകയിലരഹിത വിദ്യാലയമായുള്ള പ്രഖ്യാപനവും അഡ്വ. കെ. ജയന്ത് എം.എല്‍.എ നിര്‍വഹിച്ചു.

ആരോഗ്യ വകുപ്പും നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് അധ്യക്ഷനായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ അഫ്‌സല്‍ ദിനാചരണ സന്ദേശം നല്‍കി.

ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വി ഗിരീഷ് കുമാര്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വിനയ രാമചന്ദ്രന്‍, പ്രധാനാധ്യാപിക സി ഷീന, പി.ടി.എ പ്രസിഡന്റ് എന്‍ മുനീര്‍, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ റംസീന, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഭവില, ഡെപ്യൂട്ടി എച്ച്.എം എല്‍ എം സ്വപ്‌ന, പി.ടി.എ വൈസ് പ്രസിഡന്റ് റീമ ഷിജോ, സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാര്‍, എന്‍.ടി.സി.പി സോഷ്യല്‍ വര്‍ക്കര്‍ റോഷ്‌നി രാജ് എന്നിവര്‍ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി പോസ്റ്റര്‍ രചന മത്സരം, ബോധവത്കരണ ക്ലാസ്, റാലി എന്നിവയും സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

പുകയിലരഹിത വിദ്യാലയങ്ങള്‍ക്കുള്ള ഒമ്പത് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടത്തിയത്. സ്ഥാപനത്തിന്റെ പ്രധാന പ്രവേശന കവാടങ്ങളിലും മറ്റ് പ്രധാന ഭാഗങ്ങളിലും 'പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം' എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു.

സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം, വില്‍പന, പരസ്യം, സംഭരണം എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി. സ്‌കൂള്‍ പരിസരത്ത് പുകയിലയുടെ ദൂഷ്യഫലങ്ങള്‍ വിവരിക്കുന്ന ബോധവത്കരണ ബോര്‍ഡുകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചു.

വിദ്യാര്‍ഥി സഭ/ക്ലബുകളുടെ നേതൃത്വത്തില്‍ പുകയില ഉപയോഗത്തിനെതിരായ പ്രതിജ്ഞ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, പോസ്റ്റര്‍ നിര്‍മാണ മത്സരം, റാലി എന്നിവയും സംഘടിപ്പിച്ചു. വിദ്യാലയത്തിന്റെ ചുറ്റളവില്‍ 100 വാര പരിധി അടയാളപ്പെടുത്തുന്നതിനുള്ള യെല്ലോ ലൈന്‍ ക്യാമ്പയിന്‍ നടപ്പാക്കുകയും ഈ പരിധിയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

മെയ് 31 ലോക പുകയിലരഹിത ദിനം മുതല്‍ ജൂണ്‍ 26 ലഹരി വിമുക്ത ദിനം വരെ നീളുന്ന വിവിധ പരിപാടികള്‍ ആരോഗ്യ വകുപ്പ് ഇതര വകുപ്പുകളുമായി ചേര്‍ന്ന് സംഘടിപ്പിച്ചിരുന്നു.

**പുകയില വിമുക്ത കൗണ്‍സിലിങ് കേന്ദ്രം**

ഗവ. ബീച്ച് ആശുപത്രിയില്‍ ഒ പി നമ്പര്‍ 19ല്‍ പുകയില വിമുക്ത കൗണ്‍സിലിങ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ചൊവ്വ, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രവര്‍ത്തനം. പുകയില/ലഹരി വിമുക്ത കൗണ്‍സിലിങ്, വ്യക്തിഗത-ഗ്രൂപ്പ്-കുടുംബ കൗണ്‍സിലിങ്, തുടര്‍ചികിത്സ, ബോധവത്കരണ ക്ലാസുകള്‍, വൈദ്യസഹായം, വിദ്യാലയങ്ങളില്‍ ലഹരിവിമുക്ത പരിപാടികള്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇവിടെ ചികിത്സ തേടുന്നതിന് ഒ പി ടിക്കറ്റ് എടുക്കേണ്ടതില്ല.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/368419/nadakkavu-government-vocational-higher-secondary-school-for-girls-a-tobacco-free-school)