---
title: "പി.എം ശ്രീയിൽ സംസ്ഥാന സർക്കാർ തീരുമാനം പ്രതിഷേധാർഹം - എസ് സജീവ്"
english_title: "State government's decision on PM Sri is protestable - S Sajeev"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/322580/state-governments-decision-on-pm-sri-is-protestable-s-sajeev-NEW"
published_at: "2025-10-25T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fcedb47f0e1_SADASS.jpg"
keywords: []
---

# പി.എം ശ്രീയിൽ സംസ്ഥാന സർക്കാർ തീരുമാനം പ്രതിഷേധാർഹം - എസ് സജീവ്

> **Lead Summary:** **കോഴിക്കോട് : **പി.എം ശ്രീയിൽ ചേരാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും, ആർ എസ് എസ്സിന്റെ അജണ്ട ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചാൽ എന്തു വിലകൊടുത്തും അതിനെ ചെറുക്കുമെന്നും ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് സർക്കാരിന് മുന്നറിയിപ്പു നൽകി.

## Article Content

**കോഴിക്കോട് : **പി.എം ശ്രീയിൽ ചേരാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും, ആർ എസ് എസ്സിന്റെ അജണ്ട ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചാൽ എന്തു വിലകൊടുത്തും അതിനെ ചെറുക്കുമെന്നും ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് സർക്കാരിന് മുന്നറിയിപ്പു നൽകി.

> എം എൻ വി ജി അടിയോടി അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി “ക്വിറ്റ് കറപ്ഷൻ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജോയിൻ്റ് കൗൺസിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്വാഭിമാനസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോളനിവാഴ്‌ചക്കാലത്തിൻ്റെ അവശേഷിപ്പുകളും, അഴിമതിയുടെ മാറാലകളും കൊണ്ട് മൂടിയിരുന്ന സിവിൽ സർവ്വീസിനെ അഴിമതി രഹിത ജനപക്ഷ സിവിൽ സർവ്വീസായി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ സിവിൽ സർവ്വീസ് പരിഷ്‌കരണത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു സ. എം എൻ വി ജി അടിയോടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

സിവിൽ സർവീസ് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും, അഴിമതിരഹിത ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവഴിക്കപ്പെടുന്ന എല്ലാ പദ്ധതികളും സോഷ്യല്‍ ആഡിറ്റ് ചെയ്യപ്പെടണം. സര്‍ക്കാരിന്റെ ഏറ്റവും ഉന്നതമായ അധികാര കേന്ദ്രം മുതല്‍ ഏറ്റവും താഴെ പഞ്ചായത്തംഗം വരെയുള്ള ഭരണ സംവിധാനവും ഈ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തണം.

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് വലിയ ഒരു ജനകീയ കൂട്ടായ്മ ഉയര്‍ന്നു വരണം. സിവിൽ സർവീസ് സത്യസന്ധത, ഉത്തരവാദിത്വം, സുതാര്യത എന്നിവ പാലിക്കുമ്പോൾ മാത്രമേ ജനാധിപത്യം സജീവമാകൂ.ജനങ്ങളും ജീവനക്കാരും ചേർന്ന് അഴിമതിയില്ലാത്ത, ശുദ്ധമായ ഭരണ സംവിധാനം സൃഷ്ടിക്കുമ്പോഴാണ് രാജ്യം യാഥാർത്ഥമായ പുരോഗതിയി കൈവരിക്കയുള്ളൂ. അതിനായി സർവീസ് സംഘടകൾക്കാകെ പൊതുമാതൃകയായി ജോയിൻ്റ് കൗൺസിൽ സോഷ്യൽ ആഡിറ്റിംഗിനു തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോയിൻറ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ ഷിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി സുനിൽകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ അജിന അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റാം മനോഹർ, പിഡി അനിൽകുമാർ, ടി രത്നദാസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സുജേഷ് കൃതജ്ഞത രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/322580/state-governments-decision-on-pm-sri-is-protestable-s-sajeev-NEW)