---
title: "കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റും -മന്ത്രി ആര്‍. ബിന്ദു"
english_title: "Kerala will be made an international hub in the higher education sector Minister R Bindu"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/321800/kerala-will-be-made-an-international-hub-in-the-higher-education-sector-minister-r-bindu"
published_at: "2025-10-21T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7a8c512510_fghfh.jpg"
keywords: []
---

# കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റും -മന്ത്രി ആര്‍. ബിന്ദു

> **Lead Summary:** **കേ**രളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കിനാലൂർ ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമിച്ച പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

## Article Content

**കേ**രളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കിനാലൂർ ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമിച്ച പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

6,000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സർക്കാർ ചെലവഴിച്ചത്. ഇതിൽ 2,000 കോടി രൂപ വിനിയോഗിച്ചത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. നാല് വർഷ ബിരുദ കോഴ്സ് വിജയകരമായി നടപ്പാക്കാൻ സർക്കാരിന് സാധിച്ചു. ദേശീയ തലത്തിലെ മികച്ച 300 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 70 എണ്ണം കേരളത്തിൽ നിന്നുള്ളതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവിട്ട് നിർമിച്ച അക്കാദമിക് ബ്ലോക്ക്, കാന്റീൻ, വനിതാ ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. 2013- 14ൽ കിനാലൂർ ഈസ്റ്റ് ജി എൽ പി സ്കൂളിൽ താൽക്കാലികമായി പ്രവർത്തനമാരംഭിച്ച കോളേജ് 2019- 20ൽ ആണ് കിനാലൂരിൽ വ്യവസായ വകുപ്പ് അനുവദിച്ച അഞ്ചേക്കർ സ്ഥലത്തേക്ക് മാറുന്നത്. നിലവിൽ മൂന്ന് യുജി കോഴ്സുകളിലും ഒരു പിജി കോഴ്സിലുമായി 500 ഓളം കുട്ടികളാണ് കോളേജിലുള്ളത്.

ചടങ്ങിൽ കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷനായി. മുൻ എംഎൽഎ പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ, മണ്ഡലം വികസന മിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. എൻ അനിൽകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/321800/kerala-will-be-made-an-international-hub-in-the-higher-education-sector-minister-r-bindu)