---
title: "ഹരിത ഭവനത്തിന് ഫലശ്രുതി; 'വിജയാരവം' ശില്പശാല 28-ന്"
english_title: "#Green #home #gains #momentum #Vijayaravam #workshop  "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/279453/green-home-gains-momentum-vijayaravam-workshop"
published_at: "2025-03-27T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e577be10138_dsfsdf.jpg"
keywords: []
---

# ഹരിത ഭവനത്തിന് ഫലശ്രുതി; 'വിജയാരവം' ശില്പശാല 28-ന്

> **Lead Summary:** **കോഴിക്കോട്: [ **ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെൻറ് സഹകരണത്തോടെ നടപ്പിലാക്കിയ ഹരിത ഭവനം പദ്ധതിക്ക് ഫലശ്രുതിയായി വിജയാരവം ശില്പശാല.

## Article Content

**കോഴിക്കോട്: [ **ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെൻറ് സഹകരണത്തോടെ നടപ്പിലാക്കിയ ഹരിത ഭവനം പദ്ധതിക്ക് ഫലശ്രുതിയായി വിജയാരവം ശില്പശാല.

ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ശില്പശാല മാർച്ച് 28ന് രാവിലെ 9.30 ന് കോഴിക്കോട് കൈരളി ശ്രീ ഓഡിറ്റോറിയത്തിൽ നടക്കും. വീടുകളെയും വിദ്യാലയങ്ങളെയും മാലിന്യമുക്തമാക്കുക, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ സ്വയം പര്യാപ്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2024 ജൂലൈ മാസത്തിൽ ആരംഭിച്ച ഹരിത ഭവനത്തിന് വലിയ വിജയ കഥയാണ് പറയാനുള്ളത്.

ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ മാലിന്യ നിർമാർജനത്തിന്റെയും ഹരിത ഭവനത്തിന്റെയും സന്ദേശങ്ങൾ എത്തിക്കാൻ കഴിഞ്ഞു. 12,345 വിദ്യാർഥികളാണ് വീടുകളിൽ മൂന്ന് പെട്ടികൾ വെച്ച് മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന്റെ ഫോട്ടോ ഹരിത ഭവനത്തിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത് എങ്കിലും പദ്ധതിയിൽ പങ്കാളികളായവർ ഇതിലും എത്രയോ മടങ്ങാണ്.

ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള വിമുഖതയാണ് പല വിദ്യാർത്ഥികളും കാണിച്ചത്. വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് ഹൈസ്കൂൾ അധ്യാപകർക്കുള്ള ശില്പശാലകളും ഉപജില്ലകൾ കേന്ദ്രീകരിച്ച് പ്രൈമറി അധ്യാപകർക്കുള്ള ശില്പശാലകളും നടത്തിയാണ് ഹരിത ഭവനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിലും അധ്യാപകരിലും എത്തിച്ചത്.

ശില്പശാലകളിൽ പരിശീലനം ലഭിച്ച അധ്യാപകർ സ്കൂളുകളിൽ എത്തി മറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയായിരുന്നു. ഇതിനുപുറമേ വിദ്യാർത്ഥികൾ ഹരിത ഭവനം പദ്ധതി വിശദീകരിച്ചു കൊണ്ടും പങ്കെടുക്കാൻ അഭ്യർത്ഥിച്ചു കൊണ്ടും ഉള്ള പ്രമോഷൻ വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിച്ചു.

ആയിരം ഹരിതഭവനങ്ങളുടെ പ്രഖ്യാപനം കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ കലക്ടറും പതിനായിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം കൂടത്തായി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിന്റോ ജോസഫ് എംഎൽഎയും നിർവഹിച്ചിരുന്നു. മികച്ച രീതിയിൽ ഹരിത ഭവനം തീർത്ത വിദ്യാർത്ഥികളും അവർക്ക് നേതൃത്വം നൽകിയ അധ്യാപകരും ആണ് വിജയാരവം ശിൽപ്പശാലയിൽ ഒത്തുചേരുന്നത്.

ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും. ശില്പശാലയിൽ ഹരിത നിയമങ്ങളെ കുറിച്ചുള്ള അവബോധം നൽകും. ഇതിനുപുറമേ അനുഭവസാക്ഷ്യം, ഹരിത കവിത, ഹരിത മുദ്രാവാക്യം, ഹരിതഗാനം, ഹരിത നൃത്തം എന്നിവയും ഉണ്ടാകും.

പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകൾ നൽകും. ശില്പശാലയിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അതിഥിയാകും. ശില്പശാലക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ, സെക്രട്ടറി സെഡ് എ സൽമാൻ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/279453/green-home-gains-momentum-vijayaravam-workshop)