---
title: "ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്"
english_title: "#GirishPuthanchery #SuryaKireedam #award #song #writer #Manu #Manjith"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/268820/girishputhanchery-suryakireedam-award-song-writer-manu-manjith"
published_at: "2025-02-08T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6ee5fd8020_fzr.jpg"
keywords: []
---

# ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

> **Lead Summary:** **കോഴിക്കോട്: [ **അത്തോളി ഗ്രാമപഞ്ചായത്ത് നടത്തി വരാറുള്ള ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫെബ്രുവരി 10ന് നടക്കും. പ്രഥമ ഗിരീഷ് പുത്തഞ്ചേരി സൂര്യകിരീടം അവാർഡ് സിനിമാ ഗാനരചയിതാവ് മനു മൻജിത്തിന് നൽകാൻ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

## Article Content

**കോഴിക്കോട്: [ **അത്തോളി ഗ്രാമപഞ്ചായത്ത് നടത്തി വരാറുള്ള ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫെബ്രുവരി 10ന് നടക്കും. പ്രഥമ ഗിരീഷ് പുത്തഞ്ചേരി സൂര്യകിരീടം അവാർഡ് സിനിമാ ഗാനരചയിതാവ് മനു മൻജിത്തിന് നൽകാൻ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ചെയർപേഴ്സണും സൂര്യ കിരീടം ജനറൽ കൺവീനർ സുനിൽ കൊളക്കാട്, പ്രോഗ്രാം കൺവീനർ അജീഷ് അത്തോളി, ലൈബ്രേറിയൻ സി കെ സബിത എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഗാന രചനാ രംഗത്തെ ജനകീയതയും മികച്ച യുവ സിനിമാഗാനരചയിതാവ് എന്ന നിലയ്ക്കുമാണ് മനുമൻജിത്തിനെ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ബിന്ദു രാജൻ പറഞ്ഞു. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫിബ്രവരി 10ന് വൈകീട്ട് 6 ന് കൂമുള്ളി വായനശാലയ്ക്ക് സമീപത്ത് നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ സദസ് ( സൂര്യ കിരീടം - 2025 )ൽ വെച്ച് സിനിമാ സംവിധായകൻ വി.എം.വിനു സമ്മാനിക്കും.

വായനശാലയിൽ രാവിലെ 9.30 ന് പുഷ്പാർച്ചനയും 10 മണി മുതൽ ഗാനാലാപനം, കവിത രചന, ചിത്രരചന മത്സരവും നടക്കും. വൈകീട്ട് 5 മണിയ്ക്ക് സിനിമ സംവിധായകൻ വി.എം.വിനു സാംസ്കാരിക സദസ് ഉദ്ഘാടനവും നിർവഹിക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വച്ച് അത്തോളി പഞ്ചായത്തിലെ കലാരംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ലീലാവതി ടീച്ചർ ( തകഴി ബാലസാഹിത്യ അവാർഡ് ജേതാവ്), വിനോദ് അത്തോളി (അന്തർ ദേശീയ ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്), കബനി ( സിനിമാ നടി), സി.റിയോന, അശ്വിനി അജീഷ് (സ്കൂൾ കലോത്സവത്തിൽ നാടകത്തിനുള്ള സംസ്ഥാന അവാർഡ് ജേതാക്കൾ) എന്നിവരെ അനുമോദിക്കും.

ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് വിവിധ കലാപരിപാടികളും രാത്രി 8 മണിയ്ക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ മെഗാ കരോക്കേ ഗാനമേളയും നടക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/268820/girishputhanchery-suryakireedam-award-song-writer-manu-manjith)