---
title: "#Konthalakissakal | കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓർമക്കുറിപ്പുകൾ; പാറക്കൽ ആമിനയുടെ ' 'കോന്തലക്കിസ്സകൾ' പുസ്തകമാകുന്നു"
english_title: "#Homely #memoirs #time #land #ParakkalAmina #book #Konthalakissakal"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/227262/homely-memoirs-time-land-parakkalamina-book-konthalakissakal"
published_at: "2024-08-10T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b78c7e8b3fe_ghgf.jpg"
keywords: []
---

# #Konthalakissakal | കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓർമക്കുറിപ്പുകൾ; പാറക്കൽ ആമിനയുടെ ' 'കോന്തലക്കിസ്സകൾ' പുസ്തകമാകുന്നു

> **Lead Summary:** **കോഴിക്കോട് : [ ** ഒരു കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓർമക്കുറിപ്പുകളാണ് പാറക്കൽ ആമിനയുടെ ' കോന്തലക്കിസ്സകൾ ' 2001 മുതൽ പഴയ അഞ്ചു ഡയറികളിലായി കോറിയിട്ട കുറിപ്പുകളാണ് പുസ്തകമാകുന്നത്.

## Article Content

**കോഴിക്കോട് : [ ** ഒരു കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓർമക്കുറിപ്പുകളാണ് പാറക്കൽ ആമിനയുടെ ' കോന്തലക്കിസ്സകൾ ' 2001 മുതൽ പഴയ അഞ്ചു ഡയറികളിലായി കോറിയിട്ട കുറിപ്പുകളാണ് പുസ്തകമാകുന്നത്.

അർബുദം ഉൾപ്പെടെ നിരവധി രോഗങ്ങൾ മനസ്സിനെയും ശരീരത്തെയും തളർത്തിയപ്പോൾ, ഉറക്കം വരാത്ത രാവുകളിൽ മാനസികോല്ലാസത്തിനു വേണ്ടിയാണ് ആമിന ഉമ്മ ഡയറികളിൽ ഓരോന്ന് കുത്തിക്കുറിക്കാൻ തുടങ്ങിയത്.

ആരെയെങ്കിലും കാണിക്കണമെന്നോ പുസ്തകമായി അച്ചടിക്കണമെന്നോ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.

2001 മുതൽ ആരംഭിച്ച ഡയറി എഴുത്ത് രണ്ടു പതിറ്റാണ്ട് പിന്നിട്ട ശേഷം, ഒരിക്കൽ വീട് പെയിന്റ് അടിക്കുമ്പോൾ പഴയ സാധനങ്ങൾ അടുക്കി പെറുക്കുന്നതിനിടയിൽ മൂത്ത മകനാണ് ചിതലരിച്ചു തുടങ്ങിയ ഡയറികൾ കണ്ടത്.

കുറിപ്പുകൾ വായിച്ച് അത്ഭുതം കൂറിയ അവൻ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ഡയറിക്കുറിപ്പുകളിലെ അത്ഭുതകരമായ കഥകളും അതിശയങ്ങളും പങ്കുവച്ചു.

ഒരു പ്രദേശത്തിന്റെ മതം, രാഷ്ട്രീയം, പള്ളി, പള്ളിക്കൂടം, കല, സാഹിത്യം, സംസ്കാരം, ആഘോഷം, കൃഷി, പ്രവാസം തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പർശിച്ചു നിൽക്കുന്ന ഡയറിക്കുറിപ്പുകൾ പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നും പുതുതലമുറക്ക് കൈമാറണമെന്നും തീരുമാനിക്കുകയായിരുന്നു.

ജാതിമത ചിന്തകൾക്കതീതമായി കൊടിയ ദാരിദ്ര്യത്തിലും പൂർവികർ നിലനിർത്തി പോന്ന ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കഥ പറയുന്നുണ്ട് കോന്തലക്കിസ്സകൾ.

ഗ്രാമഭംഗിയുടെ വാങ്മയ ചിത്രങ്ങളാൽ സമ്പന്നമായ കൃതി കൊതിതീരാത്ത ബാല്യ കൗമാരത്തിന്റെ നഷ്ട സ്വപ്നങ്ങളുടെയും മോഹഭംഗങ്ങളുടെയും കരിമേഘമായ് പെയ്തത്തിറങ്ങുന്നു.

മത രാഷ്ട്രീയ നവോത്ഥാന രംഗത്തും ഖിലാഫത്ത് സമരത്തിലും ഗ്രാമീണ സ്ത്രീകൾ നടത്തിയ ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന പുസ്തകം മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

ഓഗസ്റ്റ് 15ന് വൈകിട്ട് 4:00 മണിക്ക് പ്രശസ്ത നോവലിസ്റ്റ് ബി എം സുഹറ പുസ്തകം പ്രകാശനം ചെയ്യും. ദുബായിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും വ്യവസായ പ്രമുഖനുമായ സുധീർ കെ. നായർ ഏറ്റുവാങ്ങും.

ഗ്രന്ഥകർത്താവും പ്രമുഖ മോട്ടിവേറ്ററുമായ പി എം എ ഗഫൂർ മുഖ്യപ്രഭാഷണം നടത്തും. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ കഥാകൃത്തിനെയും കഥാപാത്രങ്ങളെയും ആദരിക്കും.

കക്കാടിലെയും പരിസരപ്രദേശത്തെയും വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ ടി പി അബൂബക്കർ മാസ്റ്റർ, പ്രോഗ്രാം വൈസ് ചെയർമാൻ പി.സാദിഖ് അലി മാസ്റ്റർ, കോഡിനേറ്റർ തൗഫീഖ് സി ടി, മറ്റു ഭാരവാഹികളായ കെ സി രഹന, അജ്മൽ ഹാദി സി.ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/227262/homely-memoirs-time-land-parakkalamina-book-konthalakissakal)