---
title: "#KozhikodeArtGallery | 121 സ്ത്രീകൾ വരച്ച ചിത്രങ്ങൾ കോഴിക്കോട് ആർട്ട് ഗാലറിയിൽ; തുകയിൽ ഒരു പങ്ക് കാൻസർ ബാധിതരായ കുഞ്ഞുങ്ങൾക്ക്"
english_title: "#paintings #women #KozhikodeArtGallery; #portion #proceeds #children #cancer"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/177618/paintings-women-kozhikodeartgallery-portion-proceeds-children-cancer"
published_at: "2024-01-18T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8b1b4272d0_nk.jpg"
keywords: []
---

# #KozhikodeArtGallery | 121 സ്ത്രീകൾ വരച്ച ചിത്രങ്ങൾ കോഴിക്കോട് ആർട്ട് ഗാലറിയിൽ; തുകയിൽ ഒരു പങ്ക് കാൻസർ ബാധിതരായ കുഞ്ഞുങ്ങൾക്ക്

> **Lead Summary:** **കോഴിക്കോട്: [ **സ്നേഹ വർണങ്ങളെ കാരുണ്യത്തിന്റെ വർണങ്ങളാക്കി മാറ്റാൻ അവർക്കൊപ്പം ചേരാം.

## Article Content

**കോഴിക്കോട്: [ **സ്നേഹ വർണങ്ങളെ കാരുണ്യത്തിന്റെ വർണങ്ങളാക്കി മാറ്റാൻ അവർക്കൊപ്പം ചേരാം.

നഗരത്തിലെ വീട്ടമ്മമാരുടെ കൂട്ടായ്മയായ സ്നേഹവർണങ്ങളുടെ നേതൃത്വത്തിൽ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച 121 സ്ത്രീകളുടെ ചിത്രപ്രദർശനത്തിൽ നിന്നു നിങ്ങൾ വാങ്ങുന്ന ഒരോ ചിത്രവും സഹായമാകുന്നത് കാൻസർ ബാധിതരായ കുട്ടികളെയാണ്.

ഈ ചിത്ര പ്രദർശനത്തിൽ വിറ്റഴിക്കുന്ന ചിത്രങ്ങളുടെ വിലയിൽ 25% മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ ചികിത്സയിൽ കഴിയുന്ന 50 കുഞ്ഞുങ്ങൾക്ക് നൽകാനാണ് സംഘാടകരായ വീട്ടമ്മമാർ തീരുമാനിച്ചിരിക്കുന്നത്.

ചുമർ ചിത്രങ്ങളും അക്രിലിക്, ജലഛായം, എണ്ണഛായം തുട ങ്ങിയ വിവിധ ശൈലിയിലുമുള്ള 121 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 2000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വിലയുള്ള ചിത്രം വരെ ഇവിടെ വിൽപനയ്ക്കുണ്ട്.

പ്രദർശനത്തിന്റെ ആദ്യ ദിവസം തന്നെ 10 ചിത്രങ്ങൾ വിറ്റു. പ്രദർശനം അവസാനിക്കുന്ന 21 നു നടക്കുന്ന സമാപന സമ്മേളന ത്തിൽ കാൻസർ ബാധിതരായ 50 കുഞ്ഞുങ്ങൾക്ക് 2500 രൂപ വീതമുള്ള സ്നേഹസ്പർശം സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.

ഡോ.സുധാ കൃഷ്ണനുണ്ണി, ഡോ.മിലി മോണി, കെ.പി.സുധീര, സുമിത്ര ജയപ്രകാശ്, രശ്മി ഷാജൂൺ, ആതിര കൃഷ്ണ, അശ്വതി ശ്രീകാന്ത്, ഉത്തര രാമകൃഷ്ണൻ, മിനി ശിവശങ്കരൻ, സേതു വർമ എന്നിവർ ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ കാലങ്ങളിൽ ഇവർ നടത്തിയ ചിത്രപ്രദർശനങ്ങളിലൂടെ കോഴിക്കോട് ഐഎംസിഎച്ചിൽ ചികിത്സയ്ക്കെത്തുന്ന കുട്ടികൾക്കായി ഒരു പാർക്ക് നിർമിച്ചു നൽകിയിട്ടുണ്ട്.

മെഡിക്കൽ കോളേജിലെ കാൻസർ വാർഡിൽ ടി വി, പ്രൊജക്ടർ, പഠനോപകരണങ്ങൾ, പുസ്തകങ്ങൾ, ബെഡ്ഷീറ്റുകൾ എന്നിവയും നൽകാനായി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/177618/paintings-women-kozhikodeartgallery-portion-proceeds-children-cancer)