---
title: "#PJayarajan | കമ്മ്യുണിസ്റ്റുകാർ വിനീത വിധേയരാവണം; അധികാര ഗർവോടെ പെരുമാറരുത് - പി.ജയരാജൻ "
english_title: "#Communists #must #humble; #Don't #behave #arrogantly - #PJayarajan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/174034/communists-must-humble-dont-behave-arrogantly-pjayarajan"
published_at: "2024-01-02T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593b2ffabccf_RFC.jpg"
keywords: []
---

# #PJayarajan | കമ്മ്യുണിസ്റ്റുകാർ വിനീത വിധേയരാവണം; അധികാര ഗർവോടെ പെരുമാറരുത് - പി.ജയരാജൻ 

> **Lead Summary:** **കോഴിക്കോട്: [ **കമ്മ്യുണിസ്റ്റുകാർ ജനങ്ങളോട് നല്ല വിനീത വിധേയരാവണമെന്നും അധികാര ഗർവോടെ പെരുമാറരുതെന്നും സി.പി.എം സംസ്ഥാന സമിതി അംഗവും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ.

## Article Content

**കോഴിക്കോട്: [ **കമ്മ്യുണിസ്റ്റുകാർ ജനങ്ങളോട് നല്ല വിനീത വിധേയരാവണമെന്നും അധികാര ഗർവോടെ പെരുമാറരുതെന്നും സി.പി.എം സംസ്ഥാന സമിതി അംഗവും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ.

മാധ്യമ പ്രവർത്തകൻ ജിബിൻ.പി.മൂഴിക്കൽ അനുസ്മരണത്തിന്റെ ഭാഗമായി ''ഗവർണർ പദവി; കൊളോണിയൽ അവശേഷിപ്പോ അനിവാര്യതയോ?'' എന്ന വിഷയത്തിൽ നടന്ന സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളോട് അധികാര ഗർവോടെ പെരുമാറുകയല്ല കമ്യുണിസ്റ്റുകാർ ചെയ്യേണ്ടതെന്നും അത് പാർട്ടി തന്നെ അംഗീകരിച്ച കാര്യമാണെന്നും ജയരാജൻ പറഞ്ഞു. കമ്മ്യുണിസ്റ്റുകാർ ജനങ്ങളോട് നല്ല വിനീത വിധേയരാവണം.

ജനങ്ങളുമായുള്ള ബന്ധം ദൃഢകരമാവണം.അത് സംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കിൽ പരിശോധിച്ച് തെറ്റ് തിരുത്താൻ പാർട്ടിക്കകത്ത് സംവിധാനമുണ്ട്. നിരന്തരം അത്തരം തെറ്റുതിരുത്തൽ പ്രക്രിയ നടത്തുന്ന പാർട്ടിയാണ് സി.പി.എം. കിട്ടുന്ന വോട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രം കമ്യുണിസ്റ്റുകാരുടെ നിലപാടിനെ വിലയിരുത്താനാവില്ല.

തെരഞ്ഞെടുപ്പുകളിൽ തോറ്റെന്ന് കരുതി നിലപാടുകൾ എല്ലാം തെറ്റാണെന്ന് പറയാൻ പറ്റില്ല. കമ്യൂണിസ്റ്റുകാർക്ക് വോട്ടല്ല. നിലപാടാണ് പ്രധാനം. ജി.സുധാകരൻ പറഞ്ഞത് എന്താണെന്ന് തനിക്കറിയില്ല. നാല് വോട്ടിനേക്കാളും സീറ്റിനെക്കാളും വലുത് നാടിൻ്റെ നിലനിൽപ്പ് ആണെന്ന ദൃഢമായ നിലപാടെടുക്കുന്ന പാർട്ടി സി.പി.എമ്മാണ്.

ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണ്. ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കോമാളി വേഷം മുൻ ഗവർണർ പി. സദാശിവം കെട്ടിയിട്ടില്ല. വിഡ്ഢിവേഷങ്ങൾ കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവർണർക്ക് വിശ്വാസ്യതയില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ വെല്ലുവിളിക്കുകയാണ് ഗവർണർ.

സർക്കാറിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വായിൽ തോന്നിയത് വിളിച്ചു പറയുന്നു.കേന്ദ്ര ഗവൺമെൻറിൻ്റെ ഏജൻറിനെ പോലെ പ്രവർത്തിക്കുകയാണ്. ഒരു ദിവസത്തെ സുൽത്താനെ പോലെ അധഃപതിച്ച നിലയിലാണ് പ്രവർത്തനം.

ഗവർണർ സർക്കാറിനെ വെല്ലുവിളിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ കേന്ദ്രസർക്കാറിന് വേണ്ടി മാസങ്ങളോളം പിടിച്ചു വെക്കുന്നു. ബില്ലിന് മേൽ അടയിരിക്കുന്ന സമീപനമാണ് ഗവർണർ സ്വീകരിക്കുന്നത്.

ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും പരിഹസിക്കുകയാണെന്ന് ജയരാജൻ കൂട്ടിച്ചേർത്തു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പി.വി.ജിജോ അനുസ്മരണ പ്രഭാഷണം നടത്തി.

സജീവൻ കല്ലേരി സ്വാഗതം പറഞ്ഞു. ഹരീഷ് കൊളച്ചേരി, അജയ് ശ്രീശാന്ത് എന്നിവർ സംസാരിച്ചു. 2015 ഡിസംബർ 22നാണ് സുഹൃത്തുക്കൾക്കൊപ്പം യാത്രപോയ ജിബിൻ പതങ്കയം വെള്ളച്ചാട്ടത്തിൽ മുങ്ങിമരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/174034/communists-must-humble-dont-behave-arrogantly-pjayarajan)