---
title: "#KRajan | സംഘപരിവാര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെപ്പോലും ജനാധിപത്യത്തെ കൊലചെയ്യാനുള്ള വേദിയാക്കി മാറ്റി - മന്ത്രി കെ രാജന്‍ "
english_title: "#SanghParivar #government #made #Indian #Parliament #platform #kill #democracy: #Minister #KRajan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/172454/sanghparivar-government-made-indian-parliament-platform-kill-democracy-minister-krajan"
published_at: "2023-12-26T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658af7ea40e65_nml.jpg"
keywords: []
---

# #KRajan | സംഘപരിവാര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെപ്പോലും ജനാധിപത്യത്തെ കൊലചെയ്യാനുള്ള വേദിയാക്കി മാറ്റി - മന്ത്രി കെ രാജന്‍ 

> **Lead Summary:** **കോഴിക്കോട്: [ **സംഘപരിവാര്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെപ്പോലും ജനാധിപത്യത്തെ കൊലചെയ്യാനുള്ള വേദിയാക്കി മാറ്റിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന റവന്യൂ മന്ത്രിയുമായ കെ രാജൻ പറഞ്ഞു.

## Article Content

**കോഴിക്കോട്: [ **സംഘപരിവാര്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെപ്പോലും ജനാധിപത്യത്തെ കൊലചെയ്യാനുള്ള വേദിയാക്കി മാറ്റിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന റവന്യൂ മന്ത്രിയുമായ കെ രാജൻ പറഞ്ഞു.

സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ കൃഷ്ണപ്പിള്ളാ മന്ദിരം പരിസരത്ത് നടന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷമെന്ന ആശയത്തിന് ഒരു ചെറിയ വിലപോലും കല്പിക്കില്ല എന്ന് തീരുമാനമെടുത്ത ഒരു ഭരണകൂടം ഇന്ത്യാരാജ്യത്തിന്റെ ഭരണഘടനയെന്ന ഏറ്റവും പവിത്രമായ ചിന്താഗതിയെപ്പോലും ചോദ്യം ചെയ്യുന്നു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുപോലും തങ്ങളുടെ ചിന്തയ്ക്ക് അനുസൃതമായി മാത്രമേ മുന്നോട്ട് പോകൂ എന്ന തരത്തിലാണ് കേന്ദ്ര ഭരണകൂടം സംഘടിപ്പിച്ചത്.

രാജ്യത്തിന്റെ പാര്‍ലമെന്റില്‍ എതിരഭിപ്രായം പറഞ്ഞവരെ മുഴുവന്‍ പുറത്താക്കി ജനാധിപത്യത്തെ ശൂല മുനകളില്‍ കോര്‍ക്കാം എന്ന സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് ആശയത്തിന് ഇപ്പോഴാണ് വഴിയൊരുങ്ങിയത്.

പക്ഷെ അതിന്റെ ശ്രമം ആരംഭിച്ചത് ഇപ്പോഴല്ല. പാര്‍ലമെന്റില്‍ ഏത് ഭഷയിലും സംസാരിക്കാമെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച മുന്നൂറ് പദങ്ങളിലൊന്നുപോലും ഉച്ചരിച്ചാല്‍ പുറത്താക്കപ്പെടുമെന്നതാണ് അവസ്ഥ.

വോട്ടര്‍ പട്ടികയും വോട്ടിംഗ് യന്ത്രവുമെല്ലാം തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ ഒരു മടിയുമില്ലാതെ മോഡി സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ്. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകളേയും നിശ്ചലമാക്കാന്‍ ഭരണകൂടത്തിന്റെ മുഴുവന്‍ ഉപാധികളേയും ഉപയോഗിക്കുന്നു.

പാര്‍മെന്റിന്റെ പവിത്രമായ ജനാധിപത്യത്തെ പണാധിപത്യത്തിനും മതാധിപത്യത്തിനും വഴിമാറ്റി. എന്നു മാത്രമല്ല, ഭരണഘടനാപരമായ ഏജന്‍സികളെ മുഴുവന്‍ എതിരഭിപ്രായം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ നാവുകളെ നിശ്ചലമാക്കാന്‍ ഉപയോഗിക്കപ്പെട്ടതിന്റെ ചിത്രം പുറത്തു വരികയാണ്. ഫാസിസ്റ്റ് സര്‍ക്കാര്‍ ആദ്യം ഭരണയന്ത്രത്തെ തൊടില്ല.  അവര്‍ ചരിത്രത്തെ പിടിക്കും. വിദ്യാഭ്യാസ കേന്ദ്രങ്ങളെ പിടിക്കും.

വരാനിരിക്കുന്ന തലമുറകളിലെ ബുദ്ധി കേന്ദ്രങ്ങളില്‍ തങ്ങള്‍ സൃഷ്ടിച്ച ചരിത്രം എഴുതിപ്പിടിപ്പിക്കാന്‍ ശ്രമിക്കും. ഇതെല്ലാം പലതലത്തിലും തരത്തിലും കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യത്ത് ബിജെപി സര്‍ക്കാര്‍ പ്രയോഗിച്ചു കഴിഞ്ഞു.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളുടേയും തലവന്‍മാരായി സംഘപരിവാറിന്റെ ഏറാന്‍ മൂളികളെ നിയമിക്കുന്നു. ഐസിഎച്ച്ആറില്‍പ്പോലും തങ്ങളുടെ അനുചരന്‍മാരെ കുത്തിനിറയ്ക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തേയും വിദ്യാഭ്യാസത്തേയും തങ്ങളുടെ വഴിക്ക് കൊണ്ടുപോകാനുള്ള നീക്കം നടത്തുന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെപ്പോലും സിലബസിനു പുറത്താക്കുന്നു.

ഗുജറാത്തിലെ വിദ്യാര്‍ത്ഥികളോട് ഗാന്ധി എങ്ങിനെ ആത്മഹത്യ ചെയ്തു എന്നാണ് ചോദ്യം. അങ്ങിനെയാണ് സിലബസ് മാറ്റി മറിക്കുന്നത്. ജനാധിപത്യത്തിന്റെ നേരെയുള്ള കടന്നുകയറ്റം അത്രയും ഭീകരമാണ്.

കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. അതാണ് നവകേരള സദസിലൂടെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാനത്തെ തകര്‍ക്കാനുള്ള പരിശ്രമം ഒരുഭാഗത്ത് നടക്കുന്നു.

സംസ്ഥാന സര്‍ക്കാരിനു മുകളിലുള്ള ഒരു അധികാര കേന്ദ്രമാണ് താനെന്നാണ് ഗവര്‍ണര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അദ്ദേഹം രാജ്യത്തിന്റെ ഭരണഘടന ഒന്ന് പഠിക്കുന്നത് നന്നായിരിക്കും. നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമംപോലും ഗവര്‍ണര്‍ പിടിച്ചുവെയ്ക്കുന്നു. സംസ്ഥാനത്തെ പ്രതിപക്ഷം ഇതിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല.

ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവിക്കുപോലും അപമാനമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ കൃഷ്ണപ്പിള്ളാ മന്ദിരത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ പതാക ഉയർത്തി.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. പി ഗവാസ്, പി കെ നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ സി സതീശൻ, റീന മുണ്ടേങ്ങാട്ട്, ചൂലൂർ നാരായണൻ, മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ് എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലം കമ്മിറ്റികൾക്കു കീഴിലും വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/172454/sanghparivar-government-made-indian-parliament-platform-kill-democracy-minister-krajan)