---
title: " #Attack | കോഴിക്കോട് പൊലീസുകാർക്ക് നേരെ ആക്രമണം; എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് "
english_title: " #Attack #Kozhikode #Policemen; #Three #people #including #SI #were #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/172313/attack-kozhikode-policemen-three-people-including-si-were-injured"
published_at: "2023-12-26T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a7986d0863_gh.jpg"
keywords: []
---

#  #Attack | കോഴിക്കോട് പൊലീസുകാർക്ക് നേരെ ആക്രമണം; എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: [** കാക്കൂരില്‍ പോലീസിന് നേരേ ആക്രമണം. വാഹനങ്ങള്‍ തടഞ്ഞുള്ള പണപ്പിരിവ് ചോദ്യംചെയ്തതിനാണ് ഒരുസംഘം യുവാക്കള്‍ പോലീസിനെ അക്രമിച്ചത്.

## Article Content

**കോഴിക്കോട്: [** കാക്കൂരില്‍ പോലീസിന് നേരേ ആക്രമണം. വാഹനങ്ങള്‍ തടഞ്ഞുള്ള പണപ്പിരിവ് ചോദ്യംചെയ്തതിനാണ് ഒരുസംഘം യുവാക്കള്‍ പോലീസിനെ അക്രമിച്ചത്.

അക്രമികള്‍ പോലീസ് ജീപ്പും തകര്‍ത്തു. കാക്കൂര്‍ എസ്.ഐ. അബ്ദുള്‍ സലാം അടക്കമുള്ള പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി കാക്കൂര്‍ ചേളന്നൂര്‍ എട്ടേരണ്ടിലായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന യുവാക്കളാണ് രാത്രി റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണപ്പിരിവ് നടത്തിയത്. പണം നല്‍കാത്തവരെ ഇവര്‍ അസഭ്യംപറയുകയും ചെയ്തു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ കാക്കൂര്‍ പോലീസിനെയും യുവാക്കള്‍ അക്രമിക്കുകയായിരുന്നു.

പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസും യുവാക്കളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ എസ്.ഐ. അടക്കമുള്ള പോലീസുകാരെ പ്രതികള്‍ ആക്രമിച്ചു.

പോലീസ് ജീപ്പിന്റെ ചില്ലുകളും വയര്‍ലെസ്സ് സെറ്റിന്റെ ആന്റിനയും അടിച്ചുതകർത്തു. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ചേളന്നൂര്‍ കണ്ണങ്കര സ്വദേശികളായ കെ.എന്‍.സുബിന്‍(26) ഇ.എം.റിജീഷ്(29) വെസ്റ്റ്ഹില്‍ സ്വദേശി ഇ.കെ.അജേഷ്(34) ഇരുവള്ളൂര്‍ സ്വദേശി കെ.എം.അതുല്‍(27) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്.

ഇവരെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/172313/attack-kozhikode-policemen-three-people-including-si-were-injured)