---
title: "#Policemen | CPM ഓഫീസിലെ യോഗത്തിൽ പോലീസുകാരും; ഇരുവർക്കും ജാഗ്രതക്കുറവുണ്ടായെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട് "
english_title: "#Policemen #meeting #CPMoffice; #Preliminary #investigation #report #both #lacked #vigilance"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164422/policemen-meeting-cpmoffice-preliminary-investigation-report-both-lacked-vigilance"
published_at: "2023-11-23T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ed26859812_ui.jpg"
keywords: []
---

# #Policemen | CPM ഓഫീസിലെ യോഗത്തിൽ പോലീസുകാരും; ഇരുവർക്കും ജാഗ്രതക്കുറവുണ്ടായെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട് 

> **Lead Summary:** **കോഴിക്കോട്: [ **സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽനടന്ന യോഗത്തിൽ എസ്.ഐ.യും പോലീസുകാരനും പങ്കെടുത്ത സംഭവത്തിൽ ഡി.ജി.പി. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് ഇന്റലിജൻസ് എ.ഡി.ജി.പി. മനോജ് എബ്രഹാം പ്രാഥമിക റിപ്പോർട്ട് നൽകി.

## Article Content

**കോഴിക്കോട്: [ **സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽനടന്ന യോഗത്തിൽ എസ്.ഐ.യും പോലീസുകാരനും പങ്കെടുത്ത സംഭവത്തിൽ ഡി.ജി.പി. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് ഇന്റലിജൻസ് എ.ഡി.ജി.പി. മനോജ് എബ്രഹാം പ്രാഥമിക റിപ്പോർട്ട് നൽകി.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറിയും സിറ്റി ട്രാഫിക് എസ്.ഐ.യുമായ സുനിൽകുമാർ, സിറ്റി ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സുരേഷ് ബാബു എന്നിവർ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ യോഗംചേർന്നതുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് നൽകിയത്.

എസ്.ഐ.യും സി.പി.ഒ.യും പാർട്ടി ഓഫീസിലെ യോഗത്തിൽ പങ്കെടുത്തതിൽ ഇരുവർക്കും വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട്.

പോലീസ് സേനയെ രാഷ്ട്രീയവത്‌കരിച്ചുവെന്ന ആക്ഷേപത്തിന് സംഭവം ഇടയാക്കി. ഇത് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി.

രണ്ടു സേനാംഗങ്ങൾക്കും ജാഗ്രതക്കുറവുണ്ടായതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നുവെന്നുമാണ് റിപ്പോർട്ടിലെ ഉള്ളടക്കമെന്നും അറിയുന്നു. വിവാദത്തിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥരോടും സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണയോട് വിശദീകരണം തേടാൻ ഡി.ജി.പി. നിർദേശിച്ചിട്ടുണ്ട്.

ഇതിനായി ഉത്തരമേഖല ഐ.ജി. കെ. സേതുരാമനെ ചുമതലപ്പെടുത്തി. ഇരുവരുടെയും വിശദീകരണത്തിനുശേഷം തുടർനടപടി തീരുമാനിക്കും.

കോഴിക്കോട് സിറ്റി സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറോട് ഇരുവരിൽനിന്നും വിശദീകരണം തേടാനും പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷണർ ബുധനാഴ്ച ഉത്തരവിട്ടു.

മുക്കത്തിനടുത്ത് ചേന്ദമംഗലൂരിലെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കഴിഞ്ഞ വെള്ളിയാഴ്ച യോഗം നടന്നത്. സഹൃദയ സ്വാശ്രയസംഘം എന്നപേരിൽ പ്രവർത്തിക്കുന്ന സി.പി.എം. അനുകൂലികൾ അംഗങ്ങളായുള്ള സ്വാശ്രയസംഘത്തിന്റെ യോഗത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164422/policemen-meeting-cpmoffice-preliminary-investigation-report-both-lacked-vigilance)