---
title: " #SnehilKumarSingh | നവകേരള സദസ്സ്; പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനമൊരുക്കും - സ്‌നേഹിൽ കുമാർ സിംഗ് "
english_title: "#New #Kerala #audience #pecial #mechanism #setup #receive #complaints - #SnehilKumarSingh"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162488/new-kerala-audience-pecial-mechanism-setup-receive-complaints-snehilkumarsingh"
published_at: "2023-11-15T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554bd652e773_shn.jpg"
keywords: []
---

#  #SnehilKumarSingh | നവകേരള സദസ്സ്; പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനമൊരുക്കും - സ്‌നേഹിൽ കുമാർ സിംഗ് 

> **Lead Summary:** **കോഴിക്കോട്: [** മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സുകളിൽ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സംഘാടക സമിതി ജില്ലാതല കൺവീനർ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.

## Article Content

**കോഴിക്കോട്: [** മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സുകളിൽ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സംഘാടക സമിതി ജില്ലാതല കൺവീനർ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.

പ്രധാന വേദിയിൽ നിന്ന് മാറി പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ വിധത്തിൽ ഇതിനായി കൗണ്ടറുകൾ സ്ഥാപിക്കും. സ്ത്രീകൾ, മുതിർന്ന പൗരൻമാർ, വിഭിന്ന ശേഷിയുള്ളവർ എന്നിവർക്കായി പ്രത്യേക സംവിധാനം ഒരുക്കും.

നവകേരള സദസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ പരാതികൾ സ്വീകരിച്ചു തുടങ്ങും.

മുഴുവൻ പരാതികളും സ്വീകരിച്ച ശേഷം മാത്രമേ കൗണ്ടറുകൾ അടയ്ക്കുകയുള്ളൂ. പരാതിക്കാരന്റെ പേരും പൂർണമായ മേൽവിലാസവും മൊബൈൽ നമ്പറും ചേർക്കാൻ പരാതിക്കാർ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഇ-മെയിൽ വിലാസം ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തണം. പരാതികൾ സ്വീകരിച്ച് കൗണ്ടറുകളിൽ നിന്ന് തന്നെ കൈപ്പറ്റ് രസീത് നൽകും.

പരാതി ലഭിച്ച് രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വെബ് ആപ്ലിക്കേഷനിൽ ഡാറ്റാ എൻട്രി പൂർത്തിയാക്കി ബന്ധപ്പെട്ട ജില്ലാതല വകുപ്പ് തലവൻമാർക്ക് പോർട്ടൽ വഴി കൈമാറും.

ജില്ലാതല ഉദ്യോഗസ്ഥർ പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയും പരാതിക്കാർക്ക് മറുപടി നൽകുകയും വേണം. കൂടുതൽ നടപടിക്രമങ്ങളും സമയവും ആവശ്യമുള്ള പരാതികളാണെങ്കിൽ പരമാവധി നാലാഴ്ച സമയമെടുക്കാം.

സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ 45 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162488/new-kerala-audience-pecial-mechanism-setup-receive-complaints-snehilkumarsingh)