---
title: "#arrest | കോഴിക്കോട് പകല്‍സമയത്ത്‌ ആളില്ലാത്ത വീടുകളില്‍ കവര്‍ച്ച; പ്രതി അറസ്റ്റിൽ "
english_title: "#Kozhikode #Daytime #burglary #unoccupied #houses #accused #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159286/daytime-burglary-unoccupied-houses-accused-arrested-new-update"
published_at: "2023-11-03T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65452023d5f9d_arrest.jpg"
keywords: []
---

# #arrest | കോഴിക്കോട് പകല്‍സമയത്ത്‌ ആളില്ലാത്ത വീടുകളില്‍ കവര്‍ച്ച; പ്രതി അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: [** പകൽ ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തിയയാൾ അറസ്റ്റിൽ.

## Article Content

**കോഴിക്കോട്: [** പകൽ ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തിയയാൾ അറസ്റ്റിൽ.

കൊളത്തറ മണക്കോട്ട് വീട്ടിൽ ജിത്തു (അപ്പൂട്ടൻ) എന്ന വേതാളം ജിത്തുവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഫറോക്ക് കഷായപടി വാടക ക്വർട്ടേഴ്സിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

സെപ്റ്റംബർ 27ന് ചാത്തമംഗലം ചേനോത്ത് ഒരു വീടിന്റെ പിൻവാതിൽ പൊളിച്ചു അകത്തുകടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപയും സാധനങ്ങളും മോഷ്ടിച്ചത് ഇയാളാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

മുപ്പതോളം സിസിടിവി ദൃശ്യങ്ങളും അടുത്തിടെ ജയിലിൽ നിന്നും ഇറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതി മോഷണം നടത്തിയിരുന്നത്. രാവിലെ ഏഴരയ്ക്ക് വാടക ക്വർട്ടേഴ്സിൽ നിന്നും ഇറങ്ങുന്ന പ്രതി, ബസിൽ കയറി മോഷ്ടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇറങ്ങും.

റോഡരികിലെ വീടുകളിൽ ചെന്ന് കോളിങ് ബെൽ അടിക്കുകയോ വാതിലിൽ മുട്ടുകയോ ചെയ്തശേഷം ആളില്ല എന്ന് ഉറപ്പാക്കും. ശേഷം ഷൂവിനകത്തോ ചെടിച്ചട്ടിയിലോ ജനൽ പാളിക്കുള്ളിലോ പാത്രത്തിനടിയിലോ വീടിന്റെ താക്കോൽ ഉണ്ടോയെന്ന് പരിശോധിക്കും.

താക്കോൽ കിട്ടിയാൽ വാതിൽ തുറന്ന് അകത്തു കയറും. അല്ലെങ്കിൽ കയ്യിൽ കരുതിയിരിക്കുന്ന ബ്ലേഡ് കൊണ്ട് പൂട്ട് പൊളിച്ച് അകത്തു കയറിയാണ് കവർച്ച നടത്തിയിരുന്നത്.

ഇയാൾക്കെതിരെ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വീടുകളിലും നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു വീടുകളിലും സമാന രീതിയിൽ കവർച്ച നടത്തിയതിന് കേസുണ്ട്.

ജയിലിലായിരുന്ന പ്രതി സെപ്റ്റംബർ അവസാനമാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതിയെ ഇന്ന് കുന്നമംഗലം കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159286/daytime-burglary-unoccupied-houses-accused-arrested-new-update)