---
title: "#SatelliteFirestation | കോഴിക്കോട് നഗരത്തിൽ അത്യാഹിതമുണ്ടായാൽ പറന്നെത്താൻ വരുന്നു; സാറ്റലൈറ്റ് ഫയർസ്റ്റേഷൻ "
english_title: "#emergency #city #Kozhikode #comes #fly #SatelliteFirestation"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157361/emergency-city-kozhikode-comes-fly-satellitefirestation"
published_at: "2023-10-27T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b843322a29_firestation.jpg"
keywords: []
---

# #SatelliteFirestation | കോഴിക്കോട് നഗരത്തിൽ അത്യാഹിതമുണ്ടായാൽ പറന്നെത്താൻ വരുന്നു; സാറ്റലൈറ്റ് ഫയർസ്റ്റേഷൻ 

> **Lead Summary:** **കോഴിക്കോട്: [** നഗരത്തിൽ അത്യാഹിതമുണ്ടായാൽ പറന്നെത്താൻ സാറ്റലൈറ്റ് ഫയർ‌സ്റ്റേഷൻ ഒരുങ്ങുന്നു.

## Article Content

**കോഴിക്കോട്: [** നഗരത്തിൽ അത്യാഹിതമുണ്ടായാൽ പറന്നെത്താൻ സാറ്റലൈറ്റ് ഫയർ‌സ്റ്റേഷൻ ഒരുങ്ങുന്നു.

 പാളയം ബസ്‌സ്റ്റാൻഡിനോട് ചേർന്നാവും സ്റ്റേഷന്റെ പ്രവർത്തനം. ഇവിടെ സ്ഥലംനൽകാമെന്ന് കോർപ്പറേഷൻ തത്ത്വത്തിൽ ഫയർഫോഴ്‌സ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

സ്ഥലം അനുയോജ്യമാണെന്ന് ഫയർഫോഴ്‌സ് അധികൃതരും വിലയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ചാല, എറണാകുളം ഹൈക്കോടതി ജങ്ഷൻ,കോഴിക്കോട് മിഠായിത്തെരുവ് എന്നിവിടങ്ങളിൽ സാറ്റ്‌ലൈറ്റ് ഫയർ ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ 2015-ലാണ് ഉത്തരവിറക്കിയത്.

തുടർന്ന് ഇവിടേക്ക് ആറു ഫയർമാൻമാരെയും രണ്ട് ഡ്രൈവർമാരെയും നിയമിക്കുകയും വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് തുക അനുവദിക്കുകയും ചെയ്തു. എന്നാൽ, സാറ്റലൈറ്റ് യൂണിറ്റ് തുടങ്ങാൻ മിഠായിത്തെരുവിൽ പലയിടത്തും സ്ഥലംനോക്കിയെങ്കിലും ലഭിച്ചില്ല.

പിന്നീട് റെയിൽവേ അവരുടെ സ്ഥലം 90 വർഷത്തെ പാട്ടക്കരാറിന് നൽകാമെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇവിടെ മണ്ണ് പരിശോധനയ്ക്കായി ഫയർഫോഴ്‌സ് 2,19,000 രൂപ പി.ഡബ്ല്യു.ഡിക്ക് അടയ്ക്കുകയും ചെയ്തു.

എന്നാൽ പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ റെയിൽവേ സ്ഥലം നൽകുന്നതിൽനിന്ന് പിന്മാറി. പിന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്താനാവാത്തതിനാൽ പദ്ധതി നടപ്പാക്കാനായില്ല.

സാറ്റലൈറ്റ് യൂണിറ്റിലേക്ക് നിയമിച്ച ജീവനക്കാരെ ബീച്ച് ഫയർ‌സ്റ്റേഷനിലേക്ക് മാറ്റിക്കൊണ്ട് സർക്കാർ പിന്നീട് ഉത്തരവിറക്കി.

ഫയർ‌സ്റ്റേഷൻ സ്ഥാപിക്കാനാവാത്ത മിഠായിത്തെരുവ് പോലെ തിരക്കുള്ള ഒരുസ്ഥലത്ത് രണ്ടുമുറിയുള്ള താത്കാലിക കെട്ടിടമോ സൗകര്യങ്ങളോ ഒരുക്കി ഒരുവാഹനവും എട്ടുപേരടങ്ങുന്ന ഒരു യൂണിറ്റിനെയും സജ്ജമാക്കുന്നതാണ് സാറ്റലൈറ്റ് ഫയർ ഔട്ട്പോസ്റ്റ്.

എന്നാൽ, ഒരു ഫയർ‌സ്റ്റേഷനുള്ള മറ്റു സൗകര്യങ്ങളൊന്നും ഉണ്ടാവില്ല. നഗരത്തിൽ വളരെതിരക്കുള്ള ഭാഗങ്ങളിലാണ് ഇത്തരം  സ്റ്റേഷൻ ഉദ്ദേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157361/emergency-city-kozhikode-comes-fly-satellitefirestation)