---
title: "#arrest | കോഴിക്കോട് നഗരത്തിലെ മയക്കുമരുന്ന് കച്ചവടം; ഓട്ടോ ഡ്രൈവർ പിടിയിൽ"
english_title: " #Drug #trade #Kozhikode #city #Auto #driver #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156486/drug-trade-kozhikode-city-auto-driver-arrested"
published_at: "2023-10-24T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65377cee0f61a_blb.jpg"
keywords: []
---

# #arrest | കോഴിക്കോട് നഗരത്തിലെ മയക്കുമരുന്ന് കച്ചവടം; ഓട്ടോ ഡ്രൈവർ പിടിയിൽ

> **Lead Summary:** **കോഴിക്കോട്: [** നഗരത്തിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ.

## Article Content

**കോഴിക്കോട്: [** നഗരത്തിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ.

കണ്ണാടിക്കൽ ഒറ്റക്കണ്ടത്തിൽ വീട്ടിൽ കാമിൽ ജബ്ബാർ എന്നറിയപ്പെടുന്ന ജാസർ അറാഫത്ത് (39) ആണ് 66.60 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. നഗരത്തിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാളെന്ന് പോലീസ് പറയുന്നു.

ജബ്ബാർ എന്നാണ് മയക്കുമരുന്ന് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കുമിടയിൽ ഇയാൾ അറിയപ്പെടുന്നത്. നഗരത്തിൽ ഓട്ടോ ഓടിച്ച് ആർക്കും സംശയം തോന്നാത്ത വിധം മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു പ്രതി.

ആവശ്യക്കാരെ ഓട്ടോയിൽ കയറ്റി യാത്രയിൽ തന്നെ മയക്കുമരുന്ന് കൈമാറ്റം ചെയ്ത് അവരെ മറ്റ് സ്ഥലങ്ങളിൽ ഇറക്കുന്ന വളരെ തന്ത്രപരമായ കച്ചവട രീതിയായിരുന്നു ജാസറിന്റേത്.

ബെംഗളൂരുവിൽനിന്ന് എത്തിച്ച എംഡിഎംഎ സ്ഥിരം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തന്ത്രപരമായ നീക്കത്തിലൂടെ ജാസറിനെ കണ്ണാടിക്കലിലെ വീട്ടിൽവെച്ച് പോലീസ് വിദഗ്ധമായി പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ സുദർശന്റെ നേതൃത്വത്തിൽ ചേവായൂർ സബ് ഇൻസ്പെക്ടർ വിനയൻ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സജി മാണിയേടത്ത്, സീനിയർ സിപിഒ ശ്രീരാഗ്, സിപിഒമാരായ വിനീത്, അമൃത എന്നിവരും നാർക്കോട്ടിക് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്തിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സിറ്റി ആൻ്റി നാർക്കോട്ടിക് ഷാഡോസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156486/drug-trade-kozhikode-city-auto-driver-arrested)